Monday, May 30, 2011

അമ്പതാംവര്‍ഷത്തില്‍ സെഷണല്‍ സമ്പ്രദായത്തിന് വിട

വട്ടേനാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 40 വര്‍ഷമായി നിലനിന്നിരുന്ന സെഷണല്‍സമ്പ്രദായം അവസാനിക്കുന്നു. സ്‌കൂളിന്റെ പ്രവൃത്തിസമയം പത്തുമുതല്‍ നാലുവരെ എന്ന ക്രമത്തിലേക്ക് മാറുകയാണ്. സ്‌കൂളിന്‍െ സുവര്‍ണജൂബിലി ആഘോഷപരിപാടികളുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: പട്ടിത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. റസാഖ് (ചെയ.), ഹെഡ്മാസ്റ്റര്‍ കൃഷ്ണകുമാര്‍ (ജന.കണ്‍.), ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി., അഡ്വ. ബല്‍റാം എം.എല്‍.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കണ്ടമുത്തന്‍, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.എം. അബ്ദുള്ളക്കുട്ടി (രക്ഷാ.).

മൊബൈല്‍ടവറിനെതിരെ നാട്ടുകാര്‍


മൊബൈല്‍ടവറിന് എതിരായി നാട്ടുകാര്‍ രംഗത്ത്. പട്ടിത്തറ പഞ്ചായത്തിനുകീഴിലായി തണ്ണീര്‍ക്കോട്ട് പുതുതായി ആരംഭിക്കുന്ന മൊബൈല്‍ടവറിന് എതിരായി ജനകീയകൂട്ടായ്മ രൂപവത്കരിച്ചു. ചാലിശ്ശേരി പഞ്ചായത്തിനുകീഴിലുള്ള അങ്കണവാടി ടവര്‍നിര്‍മാണം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തായാണ് സ്ഥിതിചെയ്യുന്നത്. 200ഓളം വരുന്ന സമീപവാസികള്‍ക്കും മൊബൈല്‍ടവര്‍ ഭീഷണിയാണ്. ജനവാസമുള്ള സ്ഥലത്ത് ശക്തികൂടിയ 3 ജി ടവറാണ് വരുന്നത്. ഇതുമൂലം പരിസരവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ഭയം. ടവറിന്റെ പ്രാരംഭഘട്ടത്തില്‍ നാട്ടുകാര്‍ ഒപ്പുശേഖരണം നടത്തി പഞ്ചായത്ത്‌സെക്രട്ടറിക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണം നിര്‍ത്തിക്കാമെന്ന് ഉറപ്പുലഭിച്ചിരുന്നു. എന്നാല്‍, ടവറിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ പുനരാരംഭിച്ചിരിക്കയാണ്. തണ്ണീര്‍ക്കോടിന്റെ പരിസരപ്രദേശമായ പടിഞ്ഞാറങ്ങാടി, കപ്പൂര്‍ എന്നിവിടങ്ങളില്‍ ടവറുകള്‍ നിലനില്‍ക്കുമ്പോഴാണ് പുതിയ ടവറിന് പഞ്ചായത്ത് അനുമതിനല്‍കിയിരിക്കുന്നത്. ടവര്‍നിര്‍മാണത്തിനായി വന്നിരുന്ന ലോറി കഴിഞ്ഞദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു.

Sunday, May 29, 2011

ഐ.എഫ്.സി.ഇരുമ്പകശ്ശേരി ജേതാക്കള്‍

ന്യൂബസാറില്‍ സംഘടിപ്പിച്ച അഖിലകേരള ഫ്ലഡ് ലൈറ്റ് പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരത്തില്‍ തണല്‍ കടങ്ങോടിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്പിച്ച് ഐ.എഫ്.സി.ഇരുമ്പകശ്ശേരി ജേതാക്കളായി. മുപ്പതോളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ് നിയുക്ത എം.എല്‍.എ വി.ടി.ബല്‍റാമാണ് ഉദ്ഘാടനം ചെയ്തത്. ഇത്തവണത്തെ കേരള സന്തോഷ് ട്രോഫി താരം നാവാസിന്റെയും മറ്റ് അന്തര്‍സംസ്ഥാന താരങ്ങളുടേയും സാന്നിധ്യം കൊണ്ട് ടൂര്‍ണ്ണമെന്റിന് മികച്ച ജനപങ്കാളിത്തമുണ്ടായിരുന്നു.

Wednesday, May 25, 2011

ഫ്ലഡ്ലൈറ്റ് പെനാല്‍ട്ടി ഷൂട്ടൗട്ട് ആന്‍ഡ് ജഗ്ലിങ്ങ് ടൂര്‍ണമെന്റ്

5000 രൂപ വിന്നേഴ്സ് പ്രൈസ് മണിക്കും 3000 രൂപ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി ഈ വരുന്ന ഞായറാഴ്ച മെയ് 29ന് ന്യൂബസാറില്‍ വച്ച് പെനാല്‍ട്ടി ഷൂട്ടൗട്ട് ആന്‍ഡ് ജഗ്ലിങ്ങ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഒരു ഗോളിയും അഞ്ച് കളിക്കാരുമായിരിക്കും ഒരു ടീമില്‍ ഉണ്ടായിരിക്കുക. അഞ്ച് കിക്കുകള്‍ വീതം ഒരു ടിമിന് അനുവദിച്ചിട്ടുണ്ട്. അത് സമനിലയിലായാല്‍ മാത്രമെ ആറാമത്തെ കിക്കിന് സാധ്യതയുള്ളൂ. ബൂട്ടും ജേഴ്സിയും നിര്‍ബന്ധമാണ്. റജിസ്ട്രേഷന്‍ ഫീസ് അഞ്ഞൂറ് രൂപ. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ബന്ധപ്പെടുക. വിളിക്കേണ്ട നമ്പര്‍ 9846581709 .

തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ചാലിശ്ശേരി പെരുമണ്ണൂര്‍ വാരിയത്ത്പടി ചക്കുണ്ണിയുടെ മകന്‍ സുരേഷിനെ (30) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച കൂറ്റനാട് പള്ളിക്ക് അരികത്തുള്ള റബ്ബര്‍എസ്റ്റേറ്റിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തൃത്താലപോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സുരേഷിന് ആറുമാസം പ്രായമായ ഒരു കുഞ്ഞുണ്ട്. അമ്മ: കാളി. ഭാര്യ: ഷീജ.