Saturday, May 21, 2011

പുള്ളോര്‍ പാട്ടിന്റെ ഗൃഹാതുര പുണ്യമായി ബാലന്‍


വള്ളുവനാടിന്റെ ഗൃഹാതുര സ്മരണകളില്‍ ഇപ്പോഴും പുള്ളുവന്റെ നാവൂറ് പാട്ട് കാലം കടന്നു പാടുന്നുണ്ട്. ഗ്രാമ ജീവിതത്തിന്റെ വിശുദ്ധികള്‍ ഉദ്ഘോഷിക്കുന്ന ആ ലോകത്തിന്റെ പെരുമയാണ് കൂറ്റനാട് മല ഇ.എം.എസ് നഗറിലെ അമ്പലപ്പറമ്പില്‍ ബാലകൃഷ്ണനെന്ന പുള്ളുവന്‍ ബാലന്‍.പാരമ്പര്യം പകര്‍ന്നു നല്‍കിയ കലയുടെ അനുഗ്രഹമാണ് പുളളുവന്‍ ബാലന്‍. പാലക്കാട്,മലപ്പുറം,തൃശ്ശൂര്‍,എറണാകുളം,കോഴിക്കോട് എന്നീ ജില്ലകളിലേക്ക് കളംപാട്ട് നടത്താന്‍ നിരവധി കുടുംബങ്ങള്‍ പുള്ളുവന്‍ ബാലനെയും ഭാര്യ പുള്ളോത്തി പുഷ്പയേയും വിളിക്കാറുണ്ട്. പൈതൃകം വിടാതെ ചിട്ടവട്ടങ്ങളില്‍ കളം പാട്ട് നടത്താന്‍ ബാലന് കൃത ഹസ്തതയുണ്ട്. തിരി ഉഴിച്ചിലിലെ ബാലന്റെ മെയ് വഴക്കവും കലാ നിപുണതയും വേദികളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.കാലം മാറിയെങ്കിലും പുള്ളുവന്റെ വീണയും പുള്ളോര്‍ക്കുടവും സിനിമകളിലെ ബ്ളാക്ക് ആന്റ് വൈറ്റ് ദൃശ്യമായി ഒതുങ്ങിപ്പോയിട്ടില്ലെന്നതാണ് പുള്ളുവന്‍ ബാലന്റെ ജീവിതം. ഓരോ പുള്ളുവ കുടുംബത്തിനും മുമ്പ് ഒരു ദേശമുണ്ടായിരുന്നു. ആ പ്രദേശങ്ങളിലെ കുട്ടികളുടെ നാവൂറ് പാടല്‍ മുതല്‍ കളം പാട്ട് വരെയുള്ള ചടങ്ങുകള്‍ക്ക് ഇവര്‍ക്കാണ് അവകാശം. ആണ്ടറുതികള്‍ക്ക് വസ്ത്രവും അരിയും തേങ്ങയും പപ്പടവും പണവുമൊക്കെ ഇവിടെ നിന്ന് ഇവര്‍ക്ക് പ്രതിഫലമായി കിട്ടുമായിരുന്നു.അന്ന് കളം പാട്ട് ഉത്സവ സമാനമായ ചടങ്ങായിരുന്നു. പന്തലൊരുക്കുന്നതു മുതല്‍ മുടിയാട്ടം വരെ നീളുന്ന ചടങ്ങുകള്‍. എല്ലാത്തിനും സവിശേഷമായ ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുണ്ട്.ഇന്ന് ഗ്രാമത്തില്‍ സ്ഥിരം കളം പാട്ടുകളില്ല. നാവൂറ് പാടാന്‍ പുള്ളുവനെ കാത്തിരിക്കുന്ന കുടുംബങ്ങളുമില്ല. എന്നാല്‍ പുള്ളുവ കുടുംബങ്ങള്‍ അന്യമായിത്തുടങ്ങിയതോടെ അവശേഷിക്കുന്ന പുള്ളുവര്‍ക്ക് ഇഷ്ടം പോലെയാണ് പരിപാടികള്‍. മുമ്പുണ്ടായിരുന്ന പ്രാദേശിക ദേശ പരിധിക്കു പകരം ഇന്ന് ജില്ലകള്‍ കടന്നുള്ള ഇടമാണെന്ന് മാത്രം. ആറു പതിറ്റാണ്ടു കഴിഞ്ഞ ബാലന്റെ നിഷ്ഠകള്‍ക്ക് ഇപ്പോഴും വിശ്രമമില്ല. വര്‍ഷം മുഴുവന്‍ പരിപാടികളുണ്ടാകും. ഒന്ന് കോഴിക്കോടാണെങ്കില്‍ അടുത്തത് എറണാകുളത്തായിരിക്കുമെന്ന് മാത്രം.പുള്ളുവന്റെ പാരമ്പര്യത്തെ വെറും പാരമ്പര്യ വിശ്വാസമന്നതിലപ്പുറം കലയായി സ്വീകരിക്കാനും ആസ്വാദകരിലേക്കെത്തിക്കാനും ബാലന്റെ ശ്രമവും എടുത്ത് പറയേണ്ടതാണ്. നാടന്‍ കലാ ഗവേഷകര്‍ക്കൊപ്പം സഹകരിക്കുന്ന ബാലന്‍ നാടന്‍ കലാ വേദികളിലും പുള്ളുവന്‍ പാട്ടും തിരി ഉഴിച്ചിലും അവതരിപ്പിക്കാറുണ്ട്.പ്രായത്തിന്റെ അവശതയില്‍ പഴയ പോലെ കളം പാട്ടുകള്‍ നടത്താന്‍ പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്. നിരവധി പേരെ പാരമ്പര്യ ചടങ്ങുകളും കലയും പഠിപ്പിക്കാനും ഉത്സാഹം കാണിച്ചിട്ടുള്ള ബാലന്‍ പുള്ളുവന്‍ പാട്ട് കാലാതിവര്‍ത്തിയായി നിലനില്‍ക്കുമെന്ന വിശ്വാസത്തില്‍ തന്നെയാണ്. രണ്ട് പെണ്‍മക്കളാണ് ഉള്ളത്. അവരും പുള്ളുവ കുടുംബങ്ങളില്‍ തന്നെ പാരമ്പര്യം കാത്തു പോരുന്നുണ്ട്.

0 comments:

Post a Comment