Monday, May 30, 2011

അമ്പതാംവര്‍ഷത്തില്‍ സെഷണല്‍ സമ്പ്രദായത്തിന് വിട

വട്ടേനാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 40 വര്‍ഷമായി നിലനിന്നിരുന്ന സെഷണല്‍സമ്പ്രദായം അവസാനിക്കുന്നു. സ്‌കൂളിന്റെ പ്രവൃത്തിസമയം പത്തുമുതല്‍ നാലുവരെ എന്ന ക്രമത്തിലേക്ക് മാറുകയാണ്. സ്‌കൂളിന്‍െ സുവര്‍ണജൂബിലി ആഘോഷപരിപാടികളുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: പട്ടിത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. റസാഖ് (ചെയ.), ഹെഡ്മാസ്റ്റര്‍ കൃഷ്ണകുമാര്‍ (ജന.കണ്‍.), ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി., അഡ്വ. ബല്‍റാം എം.എല്‍.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കണ്ടമുത്തന്‍, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.എം. അബ്ദുള്ളക്കുട്ടി (രക്ഷാ.).

മൊബൈല്‍ടവറിനെതിരെ നാട്ടുകാര്‍


മൊബൈല്‍ടവറിന് എതിരായി നാട്ടുകാര്‍ രംഗത്ത്. പട്ടിത്തറ പഞ്ചായത്തിനുകീഴിലായി തണ്ണീര്‍ക്കോട്ട് പുതുതായി ആരംഭിക്കുന്ന മൊബൈല്‍ടവറിന് എതിരായി ജനകീയകൂട്ടായ്മ രൂപവത്കരിച്ചു. ചാലിശ്ശേരി പഞ്ചായത്തിനുകീഴിലുള്ള അങ്കണവാടി ടവര്‍നിര്‍മാണം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തായാണ് സ്ഥിതിചെയ്യുന്നത്. 200ഓളം വരുന്ന സമീപവാസികള്‍ക്കും മൊബൈല്‍ടവര്‍ ഭീഷണിയാണ്. ജനവാസമുള്ള സ്ഥലത്ത് ശക്തികൂടിയ 3 ജി ടവറാണ് വരുന്നത്. ഇതുമൂലം പരിസരവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ഭയം. ടവറിന്റെ പ്രാരംഭഘട്ടത്തില്‍ നാട്ടുകാര്‍ ഒപ്പുശേഖരണം നടത്തി പഞ്ചായത്ത്‌സെക്രട്ടറിക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണം നിര്‍ത്തിക്കാമെന്ന് ഉറപ്പുലഭിച്ചിരുന്നു. എന്നാല്‍, ടവറിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ പുനരാരംഭിച്ചിരിക്കയാണ്. തണ്ണീര്‍ക്കോടിന്റെ പരിസരപ്രദേശമായ പടിഞ്ഞാറങ്ങാടി, കപ്പൂര്‍ എന്നിവിടങ്ങളില്‍ ടവറുകള്‍ നിലനില്‍ക്കുമ്പോഴാണ് പുതിയ ടവറിന് പഞ്ചായത്ത് അനുമതിനല്‍കിയിരിക്കുന്നത്. ടവര്‍നിര്‍മാണത്തിനായി വന്നിരുന്ന ലോറി കഴിഞ്ഞദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു.

Sunday, May 29, 2011

ഐ.എഫ്.സി.ഇരുമ്പകശ്ശേരി ജേതാക്കള്‍

ന്യൂബസാറില്‍ സംഘടിപ്പിച്ച അഖിലകേരള ഫ്ലഡ് ലൈറ്റ് പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരത്തില്‍ തണല്‍ കടങ്ങോടിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്പിച്ച് ഐ.എഫ്.സി.ഇരുമ്പകശ്ശേരി ജേതാക്കളായി. മുപ്പതോളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ് നിയുക്ത എം.എല്‍.എ വി.ടി.ബല്‍റാമാണ് ഉദ്ഘാടനം ചെയ്തത്. ഇത്തവണത്തെ കേരള സന്തോഷ് ട്രോഫി താരം നാവാസിന്റെയും മറ്റ് അന്തര്‍സംസ്ഥാന താരങ്ങളുടേയും സാന്നിധ്യം കൊണ്ട് ടൂര്‍ണ്ണമെന്റിന് മികച്ച ജനപങ്കാളിത്തമുണ്ടായിരുന്നു.

Wednesday, May 25, 2011

ഫ്ലഡ്ലൈറ്റ് പെനാല്‍ട്ടി ഷൂട്ടൗട്ട് ആന്‍ഡ് ജഗ്ലിങ്ങ് ടൂര്‍ണമെന്റ്

5000 രൂപ വിന്നേഴ്സ് പ്രൈസ് മണിക്കും 3000 രൂപ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി ഈ വരുന്ന ഞായറാഴ്ച മെയ് 29ന് ന്യൂബസാറില്‍ വച്ച് പെനാല്‍ട്ടി ഷൂട്ടൗട്ട് ആന്‍ഡ് ജഗ്ലിങ്ങ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഒരു ഗോളിയും അഞ്ച് കളിക്കാരുമായിരിക്കും ഒരു ടീമില്‍ ഉണ്ടായിരിക്കുക. അഞ്ച് കിക്കുകള്‍ വീതം ഒരു ടിമിന് അനുവദിച്ചിട്ടുണ്ട്. അത് സമനിലയിലായാല്‍ മാത്രമെ ആറാമത്തെ കിക്കിന് സാധ്യതയുള്ളൂ. ബൂട്ടും ജേഴ്സിയും നിര്‍ബന്ധമാണ്. റജിസ്ട്രേഷന്‍ ഫീസ് അഞ്ഞൂറ് രൂപ. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ബന്ധപ്പെടുക. വിളിക്കേണ്ട നമ്പര്‍ 9846581709 .

തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ചാലിശ്ശേരി പെരുമണ്ണൂര്‍ വാരിയത്ത്പടി ചക്കുണ്ണിയുടെ മകന്‍ സുരേഷിനെ (30) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച കൂറ്റനാട് പള്ളിക്ക് അരികത്തുള്ള റബ്ബര്‍എസ്റ്റേറ്റിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തൃത്താലപോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സുരേഷിന് ആറുമാസം പ്രായമായ ഒരു കുഞ്ഞുണ്ട്. അമ്മ: കാളി. ഭാര്യ: ഷീജ.

സ്വീകരണംനല്‍കി

തൃത്താല നിയോജകമണ്ഡലം നിയുക്ത എം.എല്‍.എ. വി.ടി. ബല്‍റാമിന് കൂറ്റനാട്ട് സ്വീകരണംനല്‍കി. ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് യു.ഡി.എഫ്. ചെയര്‍മാന്‍ ടി. സുനില്‍കുമാര്‍ അധ്യക്ഷനായി. കെ.വി. മരക്കാര്‍, പി.ഇ. സലാം, പി.സി. ഗംഗാധരന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍. സാവത്രി, പി.വി. ഉമ്മര്‍മൗലവി, പി. മുഹമ്മദാലി, കെ.വി.ഹമീദ്, പി.എം. യൂസഫ്, വി. സേതുമാധവന്‍, എന്‍.വി. ബാവ എന്നിവര്‍ സംസാരിച്ചു.

Tuesday, May 24, 2011

വോളിബോള്‍ ടൂര്‍ണമെന്റ്

മല കൈരളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റില്‍ വോളി ഗ്ലാഡിയേറ്റേഴ്സ് കുമ്പിടി ചാമ്പ്യന്മാരായി. ഫൈനലില്‍ സെഞ്ച്വറി കോടനാടിനെയാണ് അവര്‍ തോല്പിച്ചത്. ആദ്യ രണ്ട് സെറ്റുകള്‍ കുമ്പിടി നേടിയെങ്കിലും മൂന്നാമത്തെ സെറ്റിലൂടെ കോടനാട് മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ ക്ലിയറിംഗിലെ പിഴവുകള്‍ നാലാം സെറ്റ് നേടുന്നതില്‍ നിന്നും അവരെ തടഞ്ഞു. കോടനാടിന്റെ അനൂപും, കുമ്പിടിയുടെ നിഷാദും ടൂര്‍ണമെന്റിലെ മികച്ച കളിക്കാരായി. ബ്ലോക്ക് പഞ്ചായത്തംഗം മുഹമ്മദ് മാസ്റ്റര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ്

കൂറ്റനാട് ഏവീസ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ ഇരുപത്തേഴാം തിയ്യതി വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ 12 മണി വരെ ഏവീസ് ക്ലിനിക്കിലെ സുധമ ലാബില്‍ വച്ച് സൗജന്യ കിഡ്നി ഫംഗ്ഷന്‍ ടെസ്റ്റ് നടത്തുന്നു. അന്നേ ദിവസം തന്നെ ഉച്ചയ്ക്ക് 2.30 മുതല്‍ 4 മണി വരെ എലൈറ്റ് മിഷന്‍ ഹോസ്പിറ്റലിലെ ഡോ:വിനോദ് പി.ബാബുരാജ് (എം.ഡി,ഡി.എം-നെഫ്രോളജിസ്റ്റ്) രോഗികളെ സൗജന്യമായി പരിശോധിക്കുന്നതാണ്. കിഡ്നി ടെസ്റ്റിന് വരുന്നവര്‍ മുന്‍ കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. അത്തരത്തില്‍ ബുക്ക് ചെയ്ത മുപ്പത് പേര്‍ക്ക് മാത്രമെ ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കൂ.

Monday, May 23, 2011

സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്

കോട്ടക്കാവ് ക്ഷേത്രമൈതാനിയില്‍ പെരുമണ്ണൂര്‍ പി.എഫ്.എ സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ യുണൈറ്റഡ് പാലക്കപ്പീടിക ജേതാക്കളായി. ചൈതന്യ് കൂനം മൂച്ചിയെയാണ് ഫൈനലില്‍ അവര്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്പിച്ചത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. സംഘര്‍ഷഭീതിയില്‍ പോലീസ് കാവലിലാണ് കളി നടന്നത്. മികച്ച കളിക്കാരനായി ചൈതന്യയുടെ ദാസനും യുണൈറ്റഡിന്റെ നൗഫലും തിരഞ്ഞെടെക്കപ്പട്ടു. മികച്ച സെന്റര്‍ഫോര്‍വേഡ്, മികച്ച ഗോള്‍ ( ഷാനവാസ്, കെ.എഫ്.സി.കൂറ്റനാട്), മികച്ച സ്റ്റോപ്പര്‍ ബാക്ക് (സജില്‍,കെ.എഫ്.സി.കൂറ്റനാട്), മികച്ച വിങ് ബാക്ക് (മിറാഷ്, കെ.എഫ്.സി.കൂറ്റനാട്), അച്ചടക്കമുള്ള കളിക്കാരന്‍ (സന്തോഷ്, കെ.എഫ്.സി.കൂറ്റനാട്) തുടങ്ങിയവയാണ് ബാക്കിയുള്ള പുരസ്കാരങ്ങള്‍. സമ്മാനങ്ങള്‍ ചാലിശ്ശേരി എസ്.ഐ വിതരണം ചെയ്തു.


Saturday, May 21, 2011

തൃത്താലയില്‍ എം.എല്‍.എ. ഓഫീസ്

തൃത്താലയിലെ നിയുക്ത എം.എല്‍.എ. വി.ടി. ബല്‍റാം മുഴുവന്‍സമയവും പ്രവര്‍ത്തിപ്പിക്കുന്ന ഓഫീസ് തുറക്കുന്നു. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായിട്ടാണ് പുതിയ ഓഫീസ്. തൃത്താല റസ്റ്റ് ഹൗസിനടുത്തായിട്ടായിരിക്കും ഓഫീസ് പ്രവര്‍ത്തനം തുടങ്ങുക.

ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ്


ബി.സി.ഇ കൂറ്റനാടിന്റെ ആഭിമുഖ്യത്തില്‍ നടന്ന വണ്‍ ഡേ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് കളി ആസ്വാദകര്‍ക്ക് ഒരു വിരുന്നായി. കൂറ്റനാട്ടു നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമായി മുപ്പത്തിരണ്ടോളം ടീമുകള്‍ പങ്കെടുത്തു. നിയുക്ത എം.എല്‍.എ ശ്രീ വി.ടി.ബല്‍റാമാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത്. ഒരു രാത്രി മുഴുവന്‍ നീണ്ടു നിന്ന മത്സരങ്ങളില്‍ മുതുതല ചാമ്പ്യന്മാരായി. ഇറുമ്പകശ്ശേരിയാണ് റണ്ണേഴ്സ് അപ്പ്.

പുള്ളോര്‍ പാട്ടിന്റെ ഗൃഹാതുര പുണ്യമായി ബാലന്‍


വള്ളുവനാടിന്റെ ഗൃഹാതുര സ്മരണകളില്‍ ഇപ്പോഴും പുള്ളുവന്റെ നാവൂറ് പാട്ട് കാലം കടന്നു പാടുന്നുണ്ട്. ഗ്രാമ ജീവിതത്തിന്റെ വിശുദ്ധികള്‍ ഉദ്ഘോഷിക്കുന്ന ആ ലോകത്തിന്റെ പെരുമയാണ് കൂറ്റനാട് മല ഇ.എം.എസ് നഗറിലെ അമ്പലപ്പറമ്പില്‍ ബാലകൃഷ്ണനെന്ന പുള്ളുവന്‍ ബാലന്‍.പാരമ്പര്യം പകര്‍ന്നു നല്‍കിയ കലയുടെ അനുഗ്രഹമാണ് പുളളുവന്‍ ബാലന്‍. പാലക്കാട്,മലപ്പുറം,തൃശ്ശൂര്‍,എറണാകുളം,കോഴിക്കോട് എന്നീ ജില്ലകളിലേക്ക് കളംപാട്ട് നടത്താന്‍ നിരവധി കുടുംബങ്ങള്‍ പുള്ളുവന്‍ ബാലനെയും ഭാര്യ പുള്ളോത്തി പുഷ്പയേയും വിളിക്കാറുണ്ട്. പൈതൃകം വിടാതെ ചിട്ടവട്ടങ്ങളില്‍ കളം പാട്ട് നടത്താന്‍ ബാലന് കൃത ഹസ്തതയുണ്ട്. തിരി ഉഴിച്ചിലിലെ ബാലന്റെ മെയ് വഴക്കവും കലാ നിപുണതയും വേദികളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.കാലം മാറിയെങ്കിലും പുള്ളുവന്റെ വീണയും പുള്ളോര്‍ക്കുടവും സിനിമകളിലെ ബ്ളാക്ക് ആന്റ് വൈറ്റ് ദൃശ്യമായി ഒതുങ്ങിപ്പോയിട്ടില്ലെന്നതാണ് പുള്ളുവന്‍ ബാലന്റെ ജീവിതം. ഓരോ പുള്ളുവ കുടുംബത്തിനും മുമ്പ് ഒരു ദേശമുണ്ടായിരുന്നു. ആ പ്രദേശങ്ങളിലെ കുട്ടികളുടെ നാവൂറ് പാടല്‍ മുതല്‍ കളം പാട്ട് വരെയുള്ള ചടങ്ങുകള്‍ക്ക് ഇവര്‍ക്കാണ് അവകാശം. ആണ്ടറുതികള്‍ക്ക് വസ്ത്രവും അരിയും തേങ്ങയും പപ്പടവും പണവുമൊക്കെ ഇവിടെ നിന്ന് ഇവര്‍ക്ക് പ്രതിഫലമായി കിട്ടുമായിരുന്നു.അന്ന് കളം പാട്ട് ഉത്സവ സമാനമായ ചടങ്ങായിരുന്നു. പന്തലൊരുക്കുന്നതു മുതല്‍ മുടിയാട്ടം വരെ നീളുന്ന ചടങ്ങുകള്‍. എല്ലാത്തിനും സവിശേഷമായ ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുണ്ട്.ഇന്ന് ഗ്രാമത്തില്‍ സ്ഥിരം കളം പാട്ടുകളില്ല. നാവൂറ് പാടാന്‍ പുള്ളുവനെ കാത്തിരിക്കുന്ന കുടുംബങ്ങളുമില്ല. എന്നാല്‍ പുള്ളുവ കുടുംബങ്ങള്‍ അന്യമായിത്തുടങ്ങിയതോടെ അവശേഷിക്കുന്ന പുള്ളുവര്‍ക്ക് ഇഷ്ടം പോലെയാണ് പരിപാടികള്‍. മുമ്പുണ്ടായിരുന്ന പ്രാദേശിക ദേശ പരിധിക്കു പകരം ഇന്ന് ജില്ലകള്‍ കടന്നുള്ള ഇടമാണെന്ന് മാത്രം. ആറു പതിറ്റാണ്ടു കഴിഞ്ഞ ബാലന്റെ നിഷ്ഠകള്‍ക്ക് ഇപ്പോഴും വിശ്രമമില്ല. വര്‍ഷം മുഴുവന്‍ പരിപാടികളുണ്ടാകും. ഒന്ന് കോഴിക്കോടാണെങ്കില്‍ അടുത്തത് എറണാകുളത്തായിരിക്കുമെന്ന് മാത്രം.പുള്ളുവന്റെ പാരമ്പര്യത്തെ വെറും പാരമ്പര്യ വിശ്വാസമന്നതിലപ്പുറം കലയായി സ്വീകരിക്കാനും ആസ്വാദകരിലേക്കെത്തിക്കാനും ബാലന്റെ ശ്രമവും എടുത്ത് പറയേണ്ടതാണ്. നാടന്‍ കലാ ഗവേഷകര്‍ക്കൊപ്പം സഹകരിക്കുന്ന ബാലന്‍ നാടന്‍ കലാ വേദികളിലും പുള്ളുവന്‍ പാട്ടും തിരി ഉഴിച്ചിലും അവതരിപ്പിക്കാറുണ്ട്.പ്രായത്തിന്റെ അവശതയില്‍ പഴയ പോലെ കളം പാട്ടുകള്‍ നടത്താന്‍ പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്. നിരവധി പേരെ പാരമ്പര്യ ചടങ്ങുകളും കലയും പഠിപ്പിക്കാനും ഉത്സാഹം കാണിച്ചിട്ടുള്ള ബാലന്‍ പുള്ളുവന്‍ പാട്ട് കാലാതിവര്‍ത്തിയായി നിലനില്‍ക്കുമെന്ന വിശ്വാസത്തില്‍ തന്നെയാണ്. രണ്ട് പെണ്‍മക്കളാണ് ഉള്ളത്. അവരും പുള്ളുവ കുടുംബങ്ങളില്‍ തന്നെ പാരമ്പര്യം കാത്തു പോരുന്നുണ്ട്.

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു


ചാലിശ്ശേരി സ്വദേശിനിയായ യുവതി പ്രസവത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ മരിച്ചു. ചാലിശ്ശേരി മണ്ണാരപ്പറമ്പില്‍ താഴത്തേതില്‍ അഷ്റഫിന്റെ ഭാര്യ സാജിത(21)യാണ് മരിച്ചത്. മെയ് 12ന് കൂറ്റനാട്ടെ മോഡേണ്‍ ആസ്പത്രിയിലാണ് സാജിതയെ പ്രസവശുശ്രൂഷയ്ക്കായി ആദ്യം പ്രവേശിപ്പിച്ചത്. അവിടെ വച്ച് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. എന്നാല്‍ പ്രസവശേഷം യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൂറ്റനാട്ടെ ആസ്പത്രിയില്‍ വച്ച് ലേബര്‍ റൂമില്‍ വീണതിനെത്തുടര്‍ന്ന് തലച്ചോറിനേറ്റ ക്ഷതമാണ് ആദ്യം അബോധാവസ്ഥയ്ക്കും പിന്നീട് മരണത്തിനുമിടയാക്കിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയ്ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.